Mathrubhumi Yathra (Digital)

Mathrubhumi Yathra (Digital)

1 Issue, February 2023

മുചുകുന്നിലെ മായക്കാഴ്ചകൾ

തണുപ്പേറിയ മാസങ്ങളിൽ മുചുകുന്നും കുന്നിൻപുറത്തെ ഗ്രാമവും പുലരിമഞ്ഞിലൊളിക്കാറുണ്ട്. ചെറിയൊരു ഉത്തരേന്ത്യൻ കാലാവസ്ഥ! കൊയ്ത്തുകഴിഞ്ഞ പാടശേഖരമാണ് മുന്നിൽ, ഉണങ്ങിയ വൈക്കോൽമഞ്ഞയിൽ മേയുന്ന വെളുത്ത മഞ്ഞ്. മുകളിലേക്ക് പോവുന്തോറും തണുപ്പ് കൂടി. ഗ്രാമം തെളിഞ്ഞു. കൃഷിപ്പണിക്ക് പോവുന്നവർ, പാലുമായി സൈക്കിളിൽ പോകുന്നവർ, ഉറക്കച്ചടവോടെ പുസ്തകസഞ്ചിയും പേറി നടക്കുന്ന കുട്ടികൾ. മൂന്ന് കുന്നുകളുടെ (പുറമല, മോവില്ലൂർകുന്ന്, വലിയ മല) കൂട്ടം എന്ന അർഥത്തിലാണ് ഈ പ്രദേശത്തെ മുചുകുന്നെന്ന് വിളിക്കുന്നത്! കാഴ്ചകൾ മാറിമാറി വന്നു. പാട ത്തിന് നടുവിൽ മയങ്ങിക്കിടക്കുന്ന ജലാശയം. കൊയിലോത്തുംപടിയിലെ കടുക്കുഴിച്ചിറ. വയലിൽനിന്ന് പാത നിർമാണത്തിനാവശ്യമായ കളിമണ്ണ് വൻതോതിൽ കുഴിച്ചെടുത്തുണ്ടായതാണ് കടുക്കുഴിച്ചിറയെന്ന് പറയപ്പെടുന്നു. താമരപ്പൂക്കൾക്കിടയിൽ മുങ്ങാം കോഴികൾ കൊക്കുരുമ്മി. അവിടവിടെ തെറിച്ചുവീണ നക്ഷത്രങ്ങൾ പോലെ നെയ്യാമ്പലുകൾ. കാട്ടുതാറാവുകളുടെ (ചൂളൻ എരണ്ടകൾ) ഒരു കൂട്ടം പറന്നിറങ്ങുന്നു.

നീലജലപ്പരപ്പിനപ്പുറം ചുറ്റുപാടുകളിൽ ലയിച്ചു നിൽക്കുന്ന പോലെ കോവിലകം ക്ഷേത്രം, അൽപ്പമകലെ കുന്നിന്റെ ഉച്ചിയിലേക്കുള്ള കയറ്റത്തിൽ പ്രശസ്തമായ മുചുകുന്ന് കോട്ട ശിവക്ഷേത്രം. കോട്ടയിൽ പരമ ശിവനും കോവിലകം ക്ഷേത്രത്തിൽ ഭഗവതിയുമാണ് സങ്കല്പം. ഈ രണ്ട് ക്ഷേത്രങ്ങളുമൊന്നിച്ചാണ് മുചുകുന്നിന് ദൃശ്യഭംഗിയും ചരിത്രത്തിന്റെ ഈടും നൽകുന്നത്. “കുംഭം 25 തൊട്ട് മീനം ഒന്ന് വരെയാണ് കോട്ട-കോവിലകം ക്ഷേത്ര ആറാട്ട്, ഉത്സവകാലത്ത് ഇരുക്ഷേത്രങ്ങൾക്കുമിടയ്ക്കുള്ള പാത ആറാട്ടുവഴിയായി പൊലിമയേറ്റും''- ക്ഷേത്രത്തിന്റെ ഊരാളികുടും ബമായ മമ്മൂട്ടിൽ തറവാട്ടിലെ മധുവിന്റെ വാക്കുകളിൽ കോട്ടയിലുത്സവം ഒരിക്കൽക്കൂടി കൊടിയേറി.

കോട്ടയിൽ ക്ഷേത്രത്തിൽ സ്വയം ഭൂവായ ശിവസങ്കല്പമാണ്. രാവിലെ മാത്രമേ പൂജയുള്ളൂ. സന്ധ്യാസമയത്ത് ദേവന്മാർ പൂജചെയ്യുന്നുവെന്നാണ് വിശ്വാസം. അതിനായി വൈകീട്ട് പൂജാ വസ്തുക്കൾ ഒരുക്കിവെച്ച് മേൽശാന്തി നടയടച്ചിറങ്ങും. കാടിന് നടുവിൽ ഒൻപത് ഏക്കർ സ്ഥലത്താണ് ക്ഷേത്രവും കുളവും. ഭൂമി വെയിലേറ്റ് കരുവാളിച്ചു തുടങ്ങി. കോട്ടയിലമ്പലത്തിന്റെ കുളത്തിനു നേർക്ക് നടന്നു. പേരറിയാത്ത മരങ്ങൾ, പലതരം പക്ഷികൾ. താഴെ വിശാലമായ കുളപ്പരപ്പ്. കുളക്കടവിൽ വിവാഹഷൂട്ടിങ്ങുകൾ നടക്കുന്നു.

മുചുകുന്നിലെ പാതാളങ്ങൾ

 വലിയ പാതാളവും ചെറിയ പാതാളവും; വലിയമലയുടെ ചരിവിലാണ് കൗതുകമുണർത്തുന്ന രണ്ട് ഗുഹകളുള്ളത്. പണ്ടുകാലത്ത് യുദ്ധാവശ്യങ്ങൾക്ക് ഉപയോഗിച്ചതാവാം ഇവയെന്ന് കേൾക്കുന്നു. കാട്ടുപൊന്തകളും വള്ളിപ്പടർപ്പുകളും നിറഞ്ഞ പ്രദേശം. പാതാളം, കാഴ്ചയ്ക്ക് ചെറിയൊരു കിണർപോലെ. ഇറങ്ങിനിൽക്കാം. വലിയ പാതാളം  ഉള്ളിലൊരു ഉറവയൊളിപ്പിച്ചിട്ടാണ്. ഉറവയ്ക്കടുത്ത് പൊഴിഞ്ഞുകിടക്കുന്ന മുള്ളൻപന്നിയുടെ മുള്ള്, കുറച്ച് മഞ്ചാടി മണികൾ...

അതിനടുത്തായി പുലയസമുദായക്കാരുടെ വാഴയിൽ ഭഗവതി ക്ഷേത്രം. കൊച്ചമ്പലത്തിനുമീതേ ഇലകൊഴിച്ച് വെളുത്ത ചെമ്പകം. നിലത്ത് പായയും കൊട്ടയും നെയ്യാനുള്ള കൈതോലകൾ ഉണക്കാനിട്ടിരിക്കുന്നു.

"പാതാളത്തിന്റെ മുകൾഭാഗം പായൽ പിടിച്ച ചെങ്കൽപ്പാറയാണ്. ഉള്ളിലേക്ക് പോവുന്തോറും നിൽക്കാനുള്ള ഉയരം കൂടും. ഇഴജന്തുക്കളുണ്ടാവും, ശ്രദ്ധിച്ചാൽ മതി, പ്രദേശവാസിയായ അശോകേട്ടൻ ഭയത്തിന്റെ ചിലന്തിവലകളെ വകഞ്ഞുമാറ്റി. കുറച്ചധികം നടന്നതിന്റെ തളർച്ച മാറ്റാൻ കാട്ടിലെ പഴുത്ത പറങ്കിമാങ്ങകൾ പറിച്ചുതിന്നു.

ലോഹത്തിൽ തീർത്ത മിനുങ്ങുന്നൊരു അദ്ഭുത വാൽക്കണ്ണാടിയെക്കുറിച്ച് മുചുകുന്നിന് പറയാനുണ്ട്. പാരമ്പര്യ വെങ്കലപ്പണിക്കാരനായ മുചുകുന്നിലെ നടു വിലക്കണ്ടി അഭിലാഷാണ് ഈ ലോഹക്കണ്ണാടിയുടെ നിർമാതാവ്. താൻ നിർമിക്കുന്നത് മുചുകുന്ന് കണ്ണാടിയാണെന്നാണ് അദ്ദേഹം പറയുന്നത്. ആറന്മുള മാതൃകയെ അനുകരിക്കാതെ, സ്വന്തമായ രീതിയിൽ, ചെമ്പും വെളുത്തീയവും വിവിധ അളവിൽ മൂശയിലിട്ടുരുക്കി മൂന്നുവർഷമായുള്ള അഭിലാഷിന്റെ പരീക്ഷണം വിജയം കാണുകയായിരുന്നു. ഉരുളി, വിളക്ക്, പാത്രങ്ങൾ, വെങ്കലശില്പങ്ങൾ, തെയ്യം മെയ്യാഭരണങ്ങൾ എന്നിവയും ഉണ്ടാക്കുന്നു.

അടുപ്പിക്കും അകലാപ്പുഴ

ദൂരെ അകലാപ്പുഴയു ടെ വെളുപ്പ് മിന്നി. സ്വച്ഛമായൊരു തടാകത്തിന്റെ ചേലിലാണ് അകലാപ്പുഴ. കാറ്റിലാടുന്ന തെങ്ങും കണ്ടൽക്കാടും കോൾ നിലവും പുഴയ്ക്ക് കുറുകെയുണ്ടാക്കിയ പാതയും തുരുത്തുകളും. കുട്ടനാടിനെ വെല്ലുന്ന പ്രകൃതിസൗന്ദര്യം. അപ്പപ്പോൾ മീൻപിടിച്ച് പാകം ചെയ്തുതരുന്ന മീൻകടകളുണ്ട്. ഉപ്പു വെള്ളം കയറുന്ന കായലിൽ വളരുന്ന കരിമീനിന് സ്വാദൊന്ന് വേറെ ചുറ്റും അകലാപ്പുഴയ്ക്കു മീൻപിടിച്ചും കരിമീൻ കൃഷിചെയ്തും കക്കവാരിയും ജീവിക്കുന്ന നാട്ടുകാർ ധാരാളം. കള്ളുഷാപ്പുകളിലൊക്കെ മുരുവിറച്ചി കിട്ടും.

‘തീവണ്ടി സിനിമ ചിത്രീകരിച്ച പാമ്പൻതുരുത്ത് കുറച്ചകലെ കണ്ടു. കായലിനു നടുവിൽ രണ്ടേക്കർ വരുന്ന തെങ്ങിൻ തോപ്പാണത്. പെഡൽ ബോട്ടുകളി ലും നാലുവശവും തുറന്ന ശിക്കാരബോട്ടുകളിലും ആളുകൾ വൈകുന്നേരം ആസ്വദിക്കുന്നു. പുഴക്കരയിൽ മൂടാടി പഞ്ചായത്തിന്റെ മീൻ വളർത്തൽ കേന്ദ്രമുണ്ട്. കാളാഞ്ചിയും കരിമീനുമാണ് കൂടുകളിൽ. നടത്തിപ്പുകാരനായ സത്യേട്ടൻ വലയുയർ ത്തി. വലയിൽ മീൻ തുള്ളി. സന്ധ്യയിലാണ് പുഴയ്ക്ക് കൂടുതൽ ഭംഗി. ഓരത്ത് ആളുകൾ കാറ്റേറ്റ് വെറുതേയിരുന്നു. അകലാപ്പുഴ അസ്തമയക്കടലിന്റെ ചെഞ്ചായമെടുത്തണിഞ്ഞു.

TRAVEL INFO

How to reach By Road: One can opt KozhikodeKannur Via Vadakara bus, to reach Anakulam bus stop. Muchukunnu is 5 kms away from there.

Autorickshaws are available from Anakulam.

By Rail: Koyilandy (4 kms) and Kozhikode (38 kms) are the nearest railway stations.

By Air: Calicut International Airport (53 kms) and Kannur International Airport (76 kms) For assistance, Ph: 9447634234 (CK Sreekumar)

DiscountMags is a licensed distributor (not a publisher) of the above content and Publication through Magzter Inc. Accordingly, we have no editorial control over the Publications. Any opinions, advice, statements, services, offers or other information or content expressed or made available by third parties, including those made in Publications offered on our website, are those of the respective author(s) or publisher(s) and not of DiscountMags. DiscountMags does not guarantee the accuracy, completeness, truthfulness, or usefulness of all or any portion of any publication or any services or offers made by third parties, nor will we be liable for any loss or damage caused by your reliance on information contained in any Publication, or your use of services offered, or your acceptance of any offers made through the Service or the Publications. For content removal requests, please contact Magzter.

© 1999 – 2024 DiscountMags.com All rights reserved.